പാട്ന: ബീഹാറിലെ സരനിൽ മൂന്ന് വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ജീവനോടെ കുഴിച്ചിട്ടു. കോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മർഹ നദിതീരത്തള്ള ശ്മശാനത്തിലാണ് സംഭവം. നിലവിളികേട്ടതിനെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തുകയും കുട്ടിയെ രക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശ്മശാനത്തിനടുത്തുനിന്ന് വിറക് ശേഖരിക്കാനെത്തിയ സ്ത്രീകൾ കുട്ടിയുടെ നിലവിളികേട്ടു. തുടർന്ന് അവർ പ്രദേശവാസികളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ കുഴിച്ചിട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കോപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തന്റെ പേര് ലാലി എന്നാണെന്നും മാതാപിതാക്കൾ രാജു ശർമ്മയും രേഖ ശർമ്മയുമാണെന്നും എന്നാൽ ഗ്രാമത്തിന്റെ പേര് അറിയില്ലെന്നും കുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു.
അമ്മയും അമ്മൂമ്മയും തന്നെ ശ്മശാനത്തിനടുത്തേക്ക് കൊണ്ടുവന്നുവെന്നും കരഞ്ഞപ്പോൾ അവർ വായിൽ കളിമണ്ണ് തിരുകുകയും മണ്ണിനടിയിൽ കുഴിച്ചിടുകയും ചെയ്തുവെന്നും കുട്ടി മെഡിക്കൽ ഓഫീസർമാരോടും പൊലീസിനോടും പറഞ്ഞതായാണ് റിപ്പോർട്ടുകൾ.കുട്ടിയുടെ മാതാപിതാക്കളെയും ഗ്രാമത്തെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.