കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായും റെമോ റോയ് പ്രത്യേക കോടതിയിൽ മൊഴി നൽകി. സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും.
കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് ജോളിയുടെ മകന്‍റെ നിർണായക മൊഴി. തന്‍റെ പിതാവിന്‍റെ അമ്മയെ ആട്ടിൻ സൂപ്പിൽ വിഷം ചേർത്തും മറ്റുളളവരെ ഭക്ഷണത്തിലും വെളളത്തിലും സയനൈഡ് ചേർത്ത് നൽകിയുമാണ് ജോളി കൊലപ്പെടുത്തിയെന്നുമാണ് റെമോ റോയ് മൊഴിനൽകിയത്. സയനൈഡ് എത്തിച്ച് നൽകിയത് ഷാജി എന്ന എം എസ് മാത്യു ആണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നെന്നും റെമോ കോടതി മുമ്പാകെ പറഞ്ഞു. എൻഐടിയിൽ അധ്യാപകിയെന്ന് ജോളി പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം താൻ അന്വേഷിച്ചപ്പോൾ ,അടുത്തുള്ള ബ്യൂട്ടി പാർലറിലും ടൈലറിംഗ് ഷോപ്പിലും പോയിരിക്കുക യായിരുന്നു എന്നും ജോളി സമ്മതിച്ചതായും റെമോ നൽകിയ മൊഴിയിലുണ്ട്. ജോളിയുടെ മൊബൈൽഫോൺ പൊലീസിന് കൈമാറിയത് താനാണെന്നും റെമോ പറഞ്ഞു.
കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസും ചൊവ്വാഴ്ച ഹാജരായി. ജോളിയുടെ പെരുമാറ്റത്തിൽ തുടക്കം മുതലേ സംശയമുണ്ടായിരുന്നെന്നും തന്നെ കാണിച്ച ഒസ്യത്ത് വ്യാജമെന്ന് സംശയമുണ്ടായിരുന്നുമെന്നും റോജോ മൊഴി നൽകി. വ്യാജരേഖയെന്ന് സംശയമുളളതിനാലാണ് ആറുമരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതിനൽകിയതെന്നും മൊഴിയിലുണ്ട്. സാക്ഷികളുടെ എതിർവിസ്താരം ഉടൻ തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയിലാണ് കൂടത്തായി കേസിന്‍റെ രഹസ്യ വിചാരണ പുരോഗമിക്കുന്നത്.