ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് രണ്ട് മക്കളെ അടിച്ച മാതാവിന് ശിക്ഷ വിധിച്ച് കോടതി. 1,100 ദിര്‍ഹമാണ് യുവതിക്ക് ഫുജൈറ പ്രാഥമിക ഫെഡറല്‍ കോടതി പിഴ ചുമത്തിയത്. എട്ടും പത്തും വയസ്സുള്ള മക്കളെയാണ് ഇവര്‍ കേബിള്‍ ഉപയോഗിച്ച് തല്ലിയത്. മര്‍ദ്ദനത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ പരാതി നല്‍കിയ കുട്ടികളുടെ പിതാവിന് നഷ്ടപരിഹാര ഇനത്തില്‍ 20,000 ദിര്‍ഹം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവിട്ടു. കേബിള്‍ ഉപയോഗിച്ച് സ്ത്രീ മക്കളെ അടിച്ചെന്നാണ് പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 10 വയസ്സുള്ള കുട്ടിയുടെ പുറത്തും തുടയിലും മുഖത്തും അടിയേറ്റ ചതവുകളുണ്ടായിരുന്നു. എട്ടു വയസ്സുള്ള കുട്ടിയുടെ ഇടത് തുടയ്ക്കും ഇടത് കാലിനും വലത് തുടയ്ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യലില്‍ കുട്ടികളുടെ മാതാവ് കുറ്റം സമ്മതിച്ചു. പഠിക്കാന്‍ വേണ്ടിയാണ് കുട്ടികളെ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലിയതെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. യുവതിയുടെ കുറ്റസമ്മതം പരിഗണിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഫുജൈറ പ്രാഥമിക ഫെഡറല്‍ കോടതിയില്‍ കുട്ടികളുടെ പിതാവ് നല്‍കിയ കേസില്‍ ദിര്‍ഹം തന്‍റെ മുന്‍ഭാര്യ 49,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.