കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈകോടതി. പിതാവിന്റെ പേര് ഒഴിവാക്കാൻ അപേക്ഷകന് ആഗ്രഹമുണ്ടെങ്കിൽ അതിനു കഴിയണം.ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. തന്റെ ജനനസർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പാസ്പോർട്ടിലും നിന്ന് പിതാവിന്റെ പേരുനീക്കി മാതാവിന്റെ പേരു മാത്രം ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാതെ അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരന്റെ ഓരോ തിരിച്ചറിയൽ രേഖയിലും പിതാവിന്റെ പേര് പലതാണ് രേഖപ്പെടുത്തിയിരുന്നത്.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് മാതാവ് പീഡനത്തിനിരയായാണ് തന്നെ ഗർഭം ധരിച്ചതെന്നും രേഖകളിൽ മാതാവിന്റെ പേരു മാത്രം ചേർത്തു നൽകണമെന്നുമുള്ള ആവശ്യം അധികൃതർ നിരസിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്നും അവരുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും അവകാശമില്ലെന്നും വ്യക്തമാക്കിയ കോടതി ജനന സർട്ടിഫിക്കറ്റിലടക്കം ഹരജിക്കാരൻ ആവശ്യപ്പെട്ട തിരുത്തൽ വരുത്താൻ ഉത്തരവിട്ടു.
‘അവരുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവർ കടന്നുകയറുമ്പോൾ അവർ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് ആലോചിക്കണം. മറ്റു പൗരന്മാരെപ്പോലെ ഇവരെ സർക്കാർ സംരക്ഷിക്കണം’ -കോടതി വ്യക്തമാക്കി. മാലി മാധവൻ നായർ രചിച്ച ‘കർണശപഥം’ ആട്ടക്കഥയിലെ ഭാഗം വിവരിച്ച് ഇത്തരം കുട്ടികൾ നേരിടുന്ന മാനസിക സംഘർഷം കോടതി അവതരിപ്പിച്ചു. തുടർന്ന് ഉത്തരവ് ഹാജരാക്കി ഹരജിക്കാരൻ അപേക്ഷ നൽകിയാൽ വിദ്യാഭ്യാസ രേഖകളിലും പാസ്പോർട്ടിലും ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളിലും രണ്ടാഴ്ചക്കകം തിരുത്തൽ വരുത്തി നൽകാൻ കോടതി നിർദേശിച്ചു.