ന്യൂഡൽഹി: പഞ്ചാബിലെ ഇത്തവണത്തെ വിധിയെഴുത്ത് രാജ്യം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിമാരെയും അടക്കം തോൽപ്പിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തിലാണ് പഞ്ചാബ് ജനത വിജയിപ്പിച്ചത്. സാധാരണ തൊഴിലാളികളെ അടക്കം സ്ഥാനാർഥികളാക്കി വലിയ ജനപ്രീതി എഎപി നേടുകയുമുണ്ടായി.
മകൻ ജയിച്ച് എംഎൽഎ ആയിട്ടും ഇപ്പോഴും സ്കൂളിൽ തൂപ്പുജോലി ചെയ്യുന്ന ഒരു അമ്മയുടെ ചിത്രം ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാണ്. കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ഛന്നിയെ തോൽപ്പിച്ച എഎപിയുടെ ലാഭ് സിങ് ഉകുദേ മൊബൈൽ ഷോപ്പിലെ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ അമ്മ സർക്കാർ സ്കൂളിലെ തൂപ്പുകാരിയും.
37,550 വോട്ടിനാണ് ഛന്നിയെ ഉകുദേ പരാജയപ്പെടുത്തി ഞെട്ടിച്ചത്. ‘ജീവിക്കാനുള്ള പണത്തിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മകൻ ഇപ്പോൾ വലിയ നിലയിലെത്തി. പക്ഷേ ഞാൻ എന്റെ ജോലി തുടരും. ചൂല് എന്റെ ജീവിതത്തിന്റെതന്നെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു അവൻ ജയിക്കുമെന്ന്’– അമ്മ ബല്‍ദേവ് കൗര്‍ പറയുന്നു.
അമ്മ ജോലി ചെയ്യുന്ന സ്കൂളിലാണ് ഉകുദേ പഠിച്ചതും. 12–ാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ഉകുദേ, ബദൗർ മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. 2013 മുതൽ എഎപിയുടെ സജീവപ്രവർത്തകനാണ്. 117 അംഗ നിയമസഭയിൽ 92 സീറ്റുകളാണ് എഎപി നേടിയത്.