തൃശൂർ : കുന്നംകുളം കിഴൂരിൽ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്ന കേസിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.കിഴൂർ സ്വദേശി 58 വയസ്സുള്ള രുഗ്മിണിയെയാണ് മകൾ വിഷം കൊടുത്തു കൊന്നത്. ലക്ഷങ്ങളുടെ സാന്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ സ്വത്ത് കൈക്കലാക്കാനാണ് അമ്മയെ കൊന്നത്.
മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. നില വഷളായതിനെ തുടർന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.
ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്. അപ്രതീക്ഷിതമായാണ് കൊടും ക്രൂരതയുടെ പിന്നാമ്പുറങ്ങൾ വെളിച്ചത്തുവരുന്നത്. അസുഖ ബാധിതയായ അമ്മയെ ആശുപത്രിയിലെത്തിക്കുന്ന മകൾ, കൂടെ നിന്ന് പരിചരിക്കുന്ന മകൾ, അങ്ങനെ മാത്രം നാട്ടുകാർ അറിഞ്ഞ സംഭവത്തിൽ ഇന്ദുലേഖ ചെയ്ത സംഭവങ്ങൾ പുറത്തുവന്നു. അസുഖമാണെന്ന് പറഞ്ഞായിരുന്നു മകൾ ഇന്ദുലേഖ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അമ്മയെ എത്തിച്ചത്.
സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനൊടുവിൽ സ്വത്ത് തട്ടിയെടുക്കാൻ ഇന്ദുലേഖ അമ്മയ്ക്ക് വിഷം നൽകാൻ പദ്ധതിയിട്ട് അപായപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.