കൊച്ചി : തൃക്കാക്കരയിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അമ്മയും മുത്തശ്ശിയും നൽകുന്ന മൊഴികൾ വിശ്വസനീയമല്ലെന്ന് ശിശുക്ഷേമ സമിതി. അമ്മയും മുത്തശ്ശിയും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് ഇരുവരുടെയും പെരുമാറ്റം. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് അച്ഛൻ സമീപിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ കെ.എസ്. അരുൺകുമാർ പറഞ്ഞു.
കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി വിവരം ചോർത്തുകയാണെന്നും കുട്ടിക്ക് അമാനുഷിക ശക്തിയുണ്ടെന്നുമാണ് അമ്മയും മുത്തശ്ശിയും നൽകിയ മൊഴി. ജീവിതം അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നുണ്ട്. മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ വിശദീകരിച്ചു.
അതിനിടെ കുട്ടിയുടെ സംരക്ഷണം തനിക്ക് നൽകണമെന്നാണ് അച്ഛന്റെ ആവശ്യം. കുട്ടിയെ ആന്റണി മർദിച്ചിട്ടുണ്ടാകുമെന്നും ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും അച്ഛൻ മൊഴി നൽകിയിട്ടുണ്ട്. ഏഴുമാസം മുമ്പ് വരെ കുടുംബത്തിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടിയുമായി അമ്മ കൊച്ചിയിലേക്ക് വന്നശേഷമാണ് പ്രശ്നങ്ങളുണ്ടായത്. കുട്ടി ഹൈപ്പർ ആക്ടീവ് അല്ലെന്നും അച്ഛൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു.
അന്വേഷണം നടത്തുന്ന തൃക്കാക്കര പോലീസും അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് മൂന്നുവയസ്സുകാരിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ അമ്മയും മുത്തശ്ശിയും ആശുപത്രിയിൽ എത്തിക്കുന്നത്. അപസ്മാരത്തെ തുടർന്ന് വീണ് പരിക്കേറ്റെന്നാണ് ഇവർ ആദ്യം പറഞ്ഞത്. പിന്നീട് ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം പരിക്കേൽപ്പിച്ചെന്നും മൊഴി നൽകി. സംഭവത്തിൽ സംശയം തോന്നിയതോടെ ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചു.
അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികൾ പരസ്പരവിരുദ്ധമാണെന്നും അടിമുടി ദുരൂഹതയുണ്ടെന്നുമാണ് പോലീസും പറയുന്നത്. കുട്ടിയുടെ തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകളുണ്ട്. തലയ്ക്കകത്തും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. പല മുറിവുകൾക്കും പഴക്കവും ഉണ്ട്. അതിനാൽതന്നെ കുട്ടിയ്ക്ക് ക്രൂരമായ മർദനമേറ്റിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടുമില്ല. ഇതിനിടെയാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ എന്നയാൾ ഇവരുടെ ഫ്ളാറ്റിൽനിന്ന് മുങ്ങിയതായി വിവരം ലഭിച്ചത്. ആന്റണി ടിജിൻ പരിക്കേറ്റ കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളിയാണെന്നാണ് അമ്മയും മുത്തശ്ശിയും പറയുന്നത്.
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് ഇയാൾ ഒരുമാസം മുമ്പ് ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. വീട്ടിലുള്ളത് ഭാര്യയും അവരുടെ സഹോദരിയും അമ്മയുമാണെന്നും ഇയാൾ പറഞ്ഞിരുന്നു. സൈബർ സെല്ലിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും ഇയാൾ ഫ്ളാറ്റുടമയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ മൂന്നുവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ടിജിൻ ഫ്ളാറ്റിൽനിന്ന് സാധനങ്ങളും എടുത്ത് ഫ്ളാറ്റ് പൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ആന്റണി ടിജിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നുമാണ് പോലീസിന്റെ പ്രതികരണം.