മോട്ടോറോളയുടെ ഏറ്റവും പുതിയ ടാബ് ലെറ്റായ മോട്ടോ ടാബ് ജി70 ബ്രസീലിൽ പുറത്തിറക്കി. 2കെ ഡിസ്പ്ലേ, ക്വാഡ് സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, 7700 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ടാബ് ജി70 യുടെ മുഖ്യ സവിശേഷതകൾ. ജനുവരി 18ന് ഇന്ത്യൻ വിപണിയിലും ടാബ് അവതരിപ്പിക്കും. ഫ്ളിപ്കാർട്ടിൽ ഇതിനകം മോട്ടോ ടാബ് ജി70 ന് വേണ്ടിയുള്ള പ്രത്യേക പേജ് തയ്യാറാക്കിയിട്ടുണ്ട്. മോട്ടോ ടാബ് ജി70 ന്റെ 4ജിബി/64 ജിബി സ്റ്റോറേജ് വേരിയന്റിന് ബ്രസീലിൽ 2399 റിയാൽ (28,000 രൂപ) ആണ് വില. അലൂമിനിയം ബോഡിയിൽ 11 ഇഞ്ച് ഐപിഎസ് 2കെ (2000×1200) ഡിസ്പ്ലേയാണിതിന്. ഒക്ടാകോർ മീഡിയാ ടെക്ക് ഹീലിയോ ജി90ടി പ്രൊസസറിൽ നാല് ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കുകയും ചെയ്യാം.
പ്രത്യേക ഗൂഗിൾ കിഡ്സ് സ്പേസും ടാബിൽ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി അധ്യാപകർ തിരഞ്ഞെടുത്ത 10,000 ആപ്പുകൾ ഇതിൽ ലഭ്യമാണ്. 7,000 എംഎഎച്ച് ബാറ്ററിയിൽ 20 വാട്ട് ടർബോ പവർ ചാർജിങ് ലഭ്യമാണ്. 13 എംപി റിയർ ക്യാമറയും എട്ട് എംപി സെൽഫി ക്യാമറയുമാണ് ഇതിലുള്ളത്. ഫിംഗർ പ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. ക്വാഡ് സ്പീക്കറിൽ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമാണുള്ളത്. പച്ച നിറത്തിൽ മാത്രമാണ് ഇത് വിപണിയിലെത്തുക.