പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ ഗതാഗത മന്ത്രിയെ കാണുന്നുണ്ട്.
നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
നിയമ ലംഘകരായ ഡ്രൈവർമാരുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യാൻ ഇടക്കാല ഉത്തരവിൽ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമായിരിക്കും.