ഒറ്റപ്പാലം : വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ പരിവാഹൻ വെബ് സൈറ്റില്‍ വാഹനത്തിന്റെ വിവരം നല്‍കിയാല്‍ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം. മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലില്‍ക്കയറി ഇ-ചലാനില്‍ വാഹനയുടമയുടെ മൊബൈൽ നമ്പർ നല്‍കേണ്ടിയിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നല്‍കിയാല്‍ മാത്രമേ പിഴയടയ്ക്കാനാകുമായിരുന്നുള്ളൂ. പഴയവാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈൽ നമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒ.ടി.പി. വരികയെന്നതായിരുന്നു തടസ്സം. അതേസമയം പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈൽ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.