കൊട്ടാരക്കര : ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് ബി.ജെ.പി.യും ആർ.എസ്.എസും നടത്തുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ 12 സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേയുണ്ടായ ആക്രമണം ആർ.എസ്.എസ്. ഗൂഢാലോചനയാണ്. പാർട്ടി കൊല്ലം ജില്ലാസമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്ന്യാസിവേഷം ധരിച്ച മോദി പ്രധാനമന്ത്രിയല്ല, പ്രധാന പൂജാരിയാണ്. ആർ.എസ്.എസിനുമുന്നിൽ കോൺഗ്രസ് വിറച്ചുനിൽക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന അതിശയകരമാണ്. ഈനയം മുൻപ് സ്വീകരിച്ചിരുന്നെങ്കിൽ മൻമോഹൻസിങ് പ്രധാനമന്ത്രിയും ഫക്രുദ്ദീൻ അലി രാഷ്ടപതിയും എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയുമാകില്ലായിരുന്നു. -അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പാർട്ടികളും മതനിരപേക്ഷ കക്ഷികളും പ്രാദേശിക പാർട്ടികളും ചേർന്ന് പുതിയ മുന്നേറ്റമുണ്ടായാൽ ബി.ജെ.പി.യെ പുറത്താക്കാം. കർഷകസമര മാതൃകയിൽ വർഗസമരങ്ങൾ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലുണ്ടാകണം. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾ ബി.ജെ.പി.ക്കെതിരാണ്. ഇവരെ ഒന്നിപ്പിച്ചാൽ മോദി അധികാരത്തിൽനിന്ന് പുറത്താകും. ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഇതിനുവേണ്ട രാഷ്ട്രീയനയത്തിനു രൂപം നൽകുമെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്.സുദേവൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ, കെ.രാജഗോപാൽ, കെ.സോമപ്രസാദ് എം.പി., സൂസൻ കോടി, എം.എച്ച്.ഷാരിയർ, കെ.വരദരാജൻ, ജെ.മേഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.