കുട്ടികളുമായി ചേരുമ്പോൾ ഒരു പ്രത്യേക വൈബാണ് മെഗാസ്റ്റാർ മമ്മൂട്ടിക്ക്. ഒരുകാലത്ത് മലയാള സിനിമയുടെ വിജയ ഫോർമുലകളിലൊന്നായിരുന്നല്ലോ മമ്മൂട്ടിയും കുട്ടിയും പെട്ടിയും. ഇപ്പോൾ ഇതെല്ലാം പറയാൻ കാരണം ഒരു ലൊക്കേഷൻ വിഡിയോയാണ്. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന വിഡിയോയിൽ ഒരു കുട്ടി മമ്മൂട്ടിക്ക് മൊബൈലിൽ എന്തോ പഠിപ്പിച്ച് കൊടുക്കുന്നതായാണുള്ളത്.
‘കാതൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സംവിധായകൻ ജിയോ ബേബിയുടെ മകൻ മ്യൂസിക്കിനൊപ്പം സമയം ചെലവഴിക്കുകയാണ് മെഗാസ്റ്റാർ എന്നാണ് വിഡിയോ പങ്കുവച്ചവർ പറയുന്നത്. ‘ഇത് മ്യൂസിക്, ജിയോ (ഡയറക്ടർ ജിയോ ബേബി) ചേട്ടന്റെ മകൻ. കാതലിൽ സ്കൂൾ ഒഴിവുള്ളപ്പോൾ സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടർ ആണ് മ്യൂസിക്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്’ എന്ന കാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള വിഡിയോ എഡിറ്റിങ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. ഇത് സാകൂതം ശ്രദ്ധിക്കുന്ന മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വിഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം. കുട്ടി അത് വിശദീകരിക്കുന്നുമുണ്ട്.
‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ മമ്മൂട്ടി നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്.