ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ച് ഷാറൂഖ് ഖാൻ ചിത്രം ജവാൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1103.27 കോടി നേടിയിട്ടുണ്ട്.
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഒ.ടി.ടി റിലീസിന് തയാറെടുക്കുകയാണ്. കിങ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ച് നവംബർ 2 നാണ് ജവാൻ പ്രദർശനത്തിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.
ഷാറൂഖ് ഖാന്റെ പാൻ ഇന്ത്യൻ ചിത്രമായ ജവാന് തെന്നിന്ത്യയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 619.92 കോടിയാണ് ലഭിച്ചത്. ഹിന്ദി പതിപ്പ് 560.03 കോടി നേടിയപ്പോൾ തെലുങ്ക്, തമിഴ് ഭാഷകളിൽ നിന്ന് 59.89 കോടി സമാഹരിച്ചു. മിഡിൽ ഈസ്റ്റിൽ നിന്ന് 16 മില്യൺ യു. എസ് ഡോളർ കളക്ഷനാണ് നേടിയിരിക്കുന്നത്.
സംവിധായകൻ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. നയന്‍താര, വിജയ് സേതുപതി , ദീപിക പദുകോണ്‍, പ്രിയാമണി, സന്യ മൽഹോത്ര യോഗി ബാബു, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ‘ജവാന്‍’ നിർമിച്ചത്.