തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ ആവില്ലെങ്കിലും പുതുകാലത്ത് മലയാള സിനിമയ്ക്കും ലോകവ്യാപകമായി റിലീസ് ലഭിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആണ് ഇതുവരെ മലയാള സിനിമ റിലീസ് ചെയ്യപ്പെടാത്ത പല മാര്‍ക്കറ്റുകളിലേക്കും ആദ്യമെത്തിയത്. തുടര്‍ന്ന് സ്ക്രീനുകള്‍ കുറവായിരിക്കുമെങ്കിലും പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മലയാള സിനിമകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിദേശ മാര്‍ക്കറ്റിലെ സ്ക്രീന്‍ കൗണ്ടില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രം മികച്ച പ്രതികരണം നേടുന്നത്.
മെയ് 5 ന് ഈ മാര്‍ക്കറ്റുകളില്‍ 45 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 45 എന്നുള്ളത് 150 സ്ക്രീനുകളായി വര്‍ധിച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത് 210 ല്‍ അധികം സ്ക്രീനുകളിലാണ്. അതായത് റിലീസ് ചെയ്തതിന്‍റെ നാല് ഇരട്ടിയില്‍ അധികം! യുകെയെ സംബന്ധിച്ച് ഒരു മലയാള ചിത്രത്തിന് എന്നല്ല തെന്നിന്ത്യന്‍ ചിത്രത്തിനു തന്നെ ഇത്തരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിക്കുന്നത് ആദ്യമാണെന്നാണ് അവിടുത്തെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് അറിയിക്കുന്നത്. നിര്‍ബന്ധമായും കാണേണ്ട ഇന്ത്യന്‍ ചിത്രം എന്ന നിലയ്ക്കാണ് യുകെ അടക്കമുള്ള വിദേശ വിപണികളില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ ചിത്രത്തിന്‍റെ നിര്‍മ്മാണം കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.