മുംബൈ: പുനെയിലെ ഇന്ദാപൂരിൽ വൻ ഹൈവേ കവർച്ച. സിനിമാ രംഗങ്ങളെ വെല്ലുന്നതായിരുന്നു കവർച്ചാ രീതി. പുനെ -സോളാപുർ ഹൈവേയിലാണ് നാല് വാഹനങ്ങളിലായി എത്തി മറ്റൊരു കാർ ആക്രമിച്ച് 3.60 കോടി രൂപ കവർന്നത്. വ്യാഴാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. ഹൈവേയിൽ നാല് വാഹനങ്ങളിലായി എത്തിയ കവർച്ചക്കാർ മറ്റൊരു കാറിനെ കിലോമീറ്ററുകളോളം പിന്തുടർന്നായിരുന്നു ആക്രമണം. ഭവേഷ്‌കുമാര്‍, വിജയ്ബായ് എന്നിവര്‍ സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. കാറിൽ ഇത്രയം പണം കണ്ടെത്തിയ ഹവാല ഇടപാടാണെന്നാണ് നിഗമനം.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഇന്ദാപൂരിൽ സ്പീഡ് ബ്രേക്കറിന് സമീപം കാറിന്റെ വേഗത കുറഞ്ഞു. അപ്പോഴാണ് ഇരകളുടെ കാറിനെ കവർച്ചാസംഘം തടയാൻ ശ്രമിച്ചത്. ഇരുമ്പ് വടിയുമായി അജ്ഞാതസംഘം നാല് പേർ ഇവരുടെ കാറിന് സമീപം എത്തി. എന്നാൽ അപകടം മനസിലായ ഇരകൾ, കാർ അതിവേഗം ഓടിച്ചു പോയി. എന്നാൽ കവർച്ചാസംഘം ഇവരെ പിന്നാലെ പിന്തുടർന്നു. ബൈക്കും കാറുമായി നാല് വാഹനങ്ങളിൽ ചേസിങ് നടത്തിയ സംഘം, കുറച്ചു കഴിഞ്ഞപ്പോൾ കാറിന് നേരേ വെടിയുതിത്തു. കൂടുതൽ തവണ വെടിയുതിർത്തതോടെ ഇരകൾക്ക് കാര്‍ നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് കാർ വളഞ്ഞ കവർച്ചാസംഘം കാറിലുണ്ടായിരുന്ന രണ്ടുപേരെയും ആക്രമിച്ച് പണം തട്ടിയെടുത്തു എന്നുമാണ് പൊലീസിൽ ഇരകൾ നൽകിയ മൊഴി.
പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്നത് ഹവാല പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. പരാതി നൽകിയ ഭവേഷും വിജയ് ഭായിയും വലിയ ഹവാല റാക്കറ്റുമായി ബന്ധമുള്ളവരാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ കുറിച്ചും, ഒപ്പം പരാതിക്കാരെ കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.