ഭോപാൽ: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ട്രെയിനിന് മുമ്പിൽചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ടികംഗഡ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.
ദമ്പതികളും മകളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കർഷകനായ ലക്ഷ്മൺ നംദേവ് (50), ഭാര്യ രജനി നംദേവ് (45), മകൾ വിനി നംദേവ് എന്നിവരാണ് മരിച്ചത്. മകൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
ഖരക്പുരിന് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ട് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുനിന്ന് ആധാർ കാർഡ് ലഭിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നുപേർക്കുമൊപ്പം ഒരു ആൺകുട്ടിയുമുണ്ടായിരുന്നുവെന്ന് ഇവരുടെ ഒരു ബന്ധു പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തി. ട്രെയിൻ വന്നപ്പോൾ താൻ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. കുട്ടിയിൽനിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്.
സംഭവത്തിന് മൂന്നുദിവസം മുമ്പ് ലക്ഷ്മണിന്റെ മകനെതിരെ മോഷണത്തിന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ലക്ഷ്മണിന്റെ മകനെ ചോദ്യം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ മുഴുവൻ കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് ലോക്കൽ പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മാതാപിതാക്കളും സഹോദരിയും ട്രെയിനിന് മുമ്പിൽ ചാടിയതെന്ന് ലക്ഷ്മണിന്റെ മകൻ ആരോപിച്ചു.
അതേസമയം കൂട്ട ആത്മഹത്യയുടെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു.
സത്ന ജില്ലയിൽ മൂന്ന് ദിവസം മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 55കാരൻ ആത്മഹത്യ ചെയ്തിരുന്നു. കിടപ്പിലായ മകളുടെ ചികിത്സക്കായി പണം കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്നായിരുന്നു ഇത്.