തിരുവനന്തപുരം : സിപിഐ പുരുഷ കേന്ദ്രീകൃത പാർട്ടിയാണെന്ന ഇ.എസ്.ബിജിമോളുടെ പരാമർശം തള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ പുരുഷ കേന്ദ്രീകൃത പാർട്ടിയല്ല. സ്ത്രീ ജില്ലാ സെക്രട്ടറിയാകട്ടെയെന്ന് സംസ്ഥാന നിർവാഹകസമിതി നിർദേശിച്ചു. എന്നാൽ ഇടുക്കി ജില്ലയിലെ പ്രതിനിധികളാണ് നിർദേശം തള്ളിയതെന്നും കാനം പറഞ്ഞു.
‘‘സിപിഐയിൽ വിഭാഗീയതയില്ല. സ്വയം വിമർശനം പാർട്ടി അംഗീകരിച്ചതാണ്. പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തികേന്ദ്രീകൃതമല്ല. എന്നെ ആരും ഉന്നമിടുന്നില്ല. അംഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. സഭയിൽ നിലപാട് പറയാൻ പാർട്ടിയുടെ എംഎൽഎമാരുണ്ട്. ആനി രാജ വിഷയത്തിൽ തന്റെ നിലപാട് ശരിയെന്നാണ് ഇപ്പോഴും വിശ്വാസം’’– കാനം പറഞ്ഞു.
വിധവാ വിവാദത്തിൽ എം.എം.മണിയെ വിമർശിച്ച ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്നായിരുന്നു കാനം മുൻപ് പറഞ്ഞത്. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമെന്നും കാനം പറഞ്ഞിരുന്നു.