മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിനെതിരെ ഗുരുതരമായ ആരോപണവുമായി എം.എസ്.എഫ് രംഗത്ത്. പോലീസ് രേഖകളില്‍ കേസുകളുടെ എണ്ണം കൂട്ടിക്കാണിച്ച് മലപ്പുറത്തെ ക്രിമിനലുകളുടെ ജില്ലയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് നിരന്തരം പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്.പി തയാറാകുന്നില്ലെന്നും പി.കെ.നവാസ് കുറ്റപ്പെടുത്തി. പഠനകാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന എസ്.പി സുജിത്ത്ദാസ് അതിനൊത്ത അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.പിയുടെ മാനസിക പീഡനം മൂലമാണ് എ.എസ്.ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ കുറിപ്പ് ഉള്‍പ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും പി.കെ.നവാസ് പറഞ്ഞു.