തിരുവനന്തപുരം : ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം ടി. രമേശ് പറഞ്ഞു. ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പതിനഞ്ചുകാരിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും എംടി രമേശ് അറിയിച്ചു.
നിഖിലയുടെ പരാമർശത്തിന് പിന്നാലെ താരത്തിനെതിരെ വൻ സൈബർ ആക്രമണങ്ങളും ഉയർന്നിരുന്നു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. ‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’, എന്നാണ് നിഖില പറഞ്ഞത്.