തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്ത് ബോധപൂർവം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാപ്പ് പറയണം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രചരിപ്പിച്ചതെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികൾ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാൻ ഇവർ തയ്യാറാകണം. ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത പെൺകുട്ടികളുടെ കഥയാണ് സിനിമയായത്. അതെങ്ങനെ ഒരു മതവിഭാഗത്തെ അപമാനിക്കുന്നതാകും? ഐഎസ്ഐഎസിനെ വിമർശിക്കുന്നത് കൊണ്ട് സിപിഎമ്മിനും കോൺഗ്രസിനും എന്താണ് പ്രശ്നമെന്നും എം ടി രമേശ് ചോദിച്ചു.ഐഎസ് എന്നാൽ ഇസ്ലാം എന്നാണ് സിപിഎമ്മും കോൺഗ്രസും ചിന്തിക്കുന്നതെങ്കിൽ അത് വ്യക്തമാക്കണം. കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐഎസ്ഐസാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും തെറ്റിധരിപ്പിച്ചവർ ആരാണെന്നും സാംസ്കാരിക നായകരെ തെറ്റിധരിപ്പിച്ചത് ആരാണെന്നും എംടി രമേശ് ചോദിച്ചു.