പാലക്കാട്: സി പി ഐ ജില്ല എക്‌സിക്യൂട്ടീവില്‍ നിന്നും പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സീന്‍ രാജി വെച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പാലക്കാട് സി.പി.ഐ ജില്ല സെക്രട്ടറി സുരേഷ് രാജ്. പാര്‍ട്ടി ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് പറഞ്ഞു. നേരത്തെ ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചത്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് പുറമെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിരുന്നു. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാന്‍ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.
മുഹ്സിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിക്ക് ഒരുങ്ങിയിരുന്നതായും പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ കൂട്ടരാജി സമര്‍പ്പിച്ചിരുതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ 22 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും ജില്ലാ നേതൃത്വം നല്‍കിയിരുന്നു. മൂന്ന് മണ്ഡലം കമ്മിറ്റികളിലെ അംഗങ്ങളുടെ രാജിയും നേതൃത്വം സ്വീകരിച്ചു.