കുന്നത്തൂർ (കൊല്ലം)> കേരളത്തിൽ ക്രമസമാധാന നില ഭദ്രമെന്ന് ഗവർണർ തന്നെ നേരിട്ട് തെളിയിച്ചു, മിഠായി തെരുവിലൂടെ നടന്ന ഗവർണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല. അത്ര ഭദ്രമാണ് കേരളത്തിലെ ക്രമസമാധാന നില. കുന്നത്തൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുയായിരുന്നു മന്ത്രി.
കോഴിക്കോട്ടെ ജനത നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു. എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു നോക്കൂ. ഹൽവ തന്ന അതേ കൈകൊണ്ട് തന്നെ നിങ്ങളെ പരാജയപ്പെടുത്തും. അതാണ് കോഴിക്കോടിന്റെ ബോധം. മിഠായിതെരുവിലൂടെ നടക്കുമ്പോൾ ആ തെരുവിൽ നിങ്ങൾക്ക് ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാർഥികൾ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത്. ഇതേ മിഠായിതെരുവിൽ പണ്ട് ഒരു തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഫയർഫോഴ്സിനും വ്യാപാരികൾക്കും ഒപ്പം ഓടിവന്ന് വിദ്യാർഥികൾ ഒരു സംഘടനയുടെ കീഴിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വംകൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്ഐ.
കേരളത്തിലെ കലാലയങ്ങളിൽ റാഗിങ് ഇല്ല. കാരണം പട്ടാമ്പി കോളേജിൽ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിൻമുറക്കാരുണ്ട് കലാലയങ്ങളിൽ. അടിയന്തരാവസ്ഥയുടെ നാളുകളിൽ എസ്എഫ്ഐയിൽ നിന്ന് രാജിവച്ചാൽ മിസ്സാ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോൾ ജീവിതത്തിൽ നിന്ന് രാജിവെക്കാം എന്നാൽ എസ്എഫ്ഐയിൽ നിന്ന് രാജിവെക്കാൻ തയ്യാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെ പ്രസ്ഥാനമാണ് ഇത് എന്നും മന്ത്രി പറഞ്ഞു.