തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിന്റെ പിന്നാലെ മന്ത്രി റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുന്നു. പ്രതിപക്ഷ നേതാവ് കുത്തിതിരിപ്പ് പ്രസ്താവന നടത്തരുതെന്നാണ് ഇന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിമർശിച്ചത്. പ്രതിപക്ഷ നേതാവിനെ പഠിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അദ്ദേഹം വസ്തുതകൾ മനസിലാക്കി സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നിലപാടാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷെ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. വാസ്തവമില്ലാത്ത പ്രസ്താവനകൾക്ക് മറുപടി നൽകാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞ് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചു പിടിക്കാനാണ് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തിയത്. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണെന്നും പൊതുമരാമത്ത് വകുപ്പിൽ ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവെക്കാൻ തയ്യാറാകണമെന്നും പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.