തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയിൽ ചില വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സിപിഎം സംസ്ഥാന സമിതിയിൽ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമെന്ന പേരിൽ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിക്കുന്നത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേർന്ന് വിശകലനം ചെയ്തത്. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴകീറി പരിശോധിച്ച നേതൃയോഗം ഉദ്യോഗസ്ഥ ഭരണവും, പൊലീസ് വീഴ്ച ആവർത്തിക്കുന്നതും പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തിയത്. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന തദ്ദേശ- ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകൾ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് മാത്രമല്ല, കെഎസ്ആർടിസി പ്രതിസന്ധിയിൽ യൂണിയനുകളെ പിണക്കുന്ന നടപടിക്കെതിരെയും കടുത്ത വിമർശനമാണ് യോഗത്തിലുണ്ടായത്. അംഗങ്ങളുന്നയിച്ച വിമർശനങ്ങളിൽ നേതൃത്വത്തിന്റെ മറുപടിയും ഇന്നുണ്ടാകും.അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങൾക്കും ഇന്ന് സമാപനമാകും.