തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴിയെണ്ണാൻ കൂടി സമയം കണ്ടെത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ. കേരളത്തിൽ ജനിച്ചുവളർന്ന കേന്ദ്രമന്ത്രി അടിക്കടി വാർത്താ സമ്മേളനം നടത്തുന്നുണ്ട്. അതിനേക്കാൾ കൂടുതൽ കുഴികളാണ് ദേശീയപാതയിലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെത്തി മേല്‍പ്പാലത്തിന്റെ നിര്‍മാണം വിലയിരുത്തിയതിനെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും തമ്മില്‍ വാക്പോര് നടന്നതിനു പിന്നാലെയാണ് മന്ത്രി റിയാസ് നിയമസഭയില്‍ പരിഹാസം ഉന്നയിച്ചത്.
11 ദേശീയപാത സംസ്ഥാനത്തുണ്ട്. റോഡിന്റെ ഭൂരിഭാഗവും സംരക്ഷിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. കേന്ദ്രമന്ത്രിമാർ വന്ന് ഉദ്ഘാടനം ഉറപ്പായ പദ്ധതിക്കു സമീപം നിന്ന് ഫോട്ടോയെടുത്ത് മടങ്ങുകയാണ്. കേന്ദ്രം റോഡുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ തിരുവനന്തപുരത്തെത്തി കഴക്കൂട്ടം മേൽപ്പാലത്തിന്റെ നിർമാണം വിലയിരുത്തിയിരുന്നു. ഇതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ലോക കാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ മേൽപാലം നോക്കാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എന്തെന്നു നാട്ടുകാർക്കു മനസ്സിലാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രിയുടെ പരാർശത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.വിദേശകാര്യമന്ത്രിയെന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ലെന്നും മുഖ്യമന്ത്രി ധാരണ മാറ്റണമെന്നും മുരളീധരൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് റിയാസ് നിയമസഭയിൽ കേന്ദ്രത്തെ വിമർശിച്ചു സംസാരിച്ചത്.റോഡ് പരിപാലനത്തിൽ കേന്ദ്രത്തെ പ്രകോപിപ്പിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. കേന്ദ്രത്തെ വിമർശിക്കുമ്പോൾ ചിലർക്ക് കൊള്ളുന്നത് എന്തിനെന്നു മന്ത്രി തിരിച്ചും ചോദിച്ചു.