കോഴിക്കോട്∙ മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പോരാട്ടമാണ് യുവത്വത്തിനു മുന്നിലുള്ള മാർഗമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മെസ്സിയില്ലെങ്കിൽ പിന്നെന്ത് അർജന്റീന എന്നതുപോലെ, മതനിരപേക്ഷതയില്ലെങ്കിൽ പിന്നെന്ത് ഇന്ത്യയാണുള്ളത്. പരസ്യമായി മതരാഷ്ട്രം പ്രഖ്യാപിച്ച ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ തുടർഭരണം നടത്തുന്ന സാഹചര്യത്തിലാണ് മതനിരപേക്ഷ മനസ്സുകൾ ചെറുത്തുനിൽപ്പുമായി മുന്നോട്ടുവരുന്നത്. തീവ്രരാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോവുന്നതിൽ നിന്ന് യുവാക്കളുടെ പോരാട്ടങ്ങളാണ് കേന്ദ്രത്തെ തടയിട്ടത്.
കോവിഡ് രൂക്ഷത കുറഞ്ഞ ഘട്ടത്തിൽ ഏകീകൃത സിവിൽകോഡുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. ഇന്നലെ വരെയുള്ള ഇന്ത്യയിൽ ഉയർന്ന ചെറുത്തുനിൽപ്പുകളോ ഐക്യപ്പെടലോ അല്ല നാളെ വേണ്ടിവരിക. യുവാക്കൾ തൊഴിലന്വേഷിച്ച് നടക്കുന്ന കാലഘട്ടത്തിൽ തന്ത്രപ്രധാനമേഖലകളിൽ കരാർ നിയമനം നടത്തുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രസർവീസിൽ 10 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ദേശീയതലത്തിൽ രണ്ടാംക്ലാസ് മുതൽ പാഠപുസ്തകങ്ങളിൽ കാവിവൽക്കരണം തുടരുകയാണ്. തീവ്രഹിന്ദുത്വ നിലപാടിനെ മൃദുഹിന്ദുത്വ നിലപാടുകൊണ്ടോ മറ്റേതെങ്കിലും തീവ്രനിലപാടുകൊണ്ടോ നേരിടാമെന്ന ധാരണ തെറ്റാണെന്നും മതനിരപേക്ഷ നിലപാടു കൊണ്ടുമാത്രമേ കഴിയൂ എന്നും മന്ത്രി റിയാസ് പറഞ്ഞു.
നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി അധ്യക്ഷനായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.ആർ.സജിത്ത്, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാനപ്രസിഡന്റ് സന്തോഷ് കാല, ഐഎസ്എം കേരള സംസ്ഥാന സെക്രട്ടറി ഡോ.അൻവർ സാദത്ത്, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് കെ.പി.രാഗേഷ്, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബണ്ടിച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി അഹമ്മദ് ദേവർകോവിൽ നൽകി.