തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിൽ വിദേശികളടക്കമുള്ള സഞ്ചാരികൾക്കായി താമസസൗകര്യമടക്കം സൗകര്യം വർധിപ്പിക്കാൻ ആലോചിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. താമര ലീഷർ എക്സ്‌പീരിയൻസസിന്റെ അമൽ താമര വെൽനെസ് സെന്റർ ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പല ടൂറിസം സാധ്യതകളെയും ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല. താമസ സൗകര്യം ഇല്ലായ്‌മയാണ് വിദേശികളുടെ വരവിന് തടസമാകുന്നത്. ഇതിന് പരിഹാരം കാണാനാണ് ശ്രമം. പല ടൂറിസം കേന്ദ്രങ്ങളും വൃത്തിയായി പരിപാലിക്കാനാകുന്നില്ല. കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ച് ഒരു കേന്ദ്രത്തിന്റെയെങ്കിലും പരിപാലനം അവരെ ഏൽപ്പിക്കും. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മുഹമ്മയിലാണ് അമൽ താമര വെൽനെസ് സെന്റർ. ഫലവത്തായ രീതിയിൽ ചികിത്സ പ്രദാനം ചെയ്യുന്നതിനായി സ്വകാര്യത, മനഃശാന്തി, ശരിയായ ഭക്ഷണക്രമം, വ്യായാമം, ധ്യാനം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പ്രവർത്തനം രൂപകൽപ്പന ചെയ്തതെന്ന് താമര ലീഷർ എക്സ്പീരിയൻസസ് സിഇഒ ശ്രുതി ഷിബുലാൽ പറഞ്ഞു. ഓ ബൈ താമരയുടെ ബിസിനസ് ഹോട്ടൽ ഈ വർഷം കോയമ്പത്തൂരിൽ ആരംഭിക്കുമെന്നും അവർ പറഞ്ഞു.കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യം, ടൂറിസം അഡീഷണൽ ഡയറക്ടർ എം കൃഷ്ണതേജ, ഒ ബൈ താമര ജനറൽ മാനേജർ റെജി രാജ് എന്നിവർ പങ്കെടുത്തു.