തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എം.മുകേഷ് എംഎൽഎയെ പിന്തുണയ്ക്കാതെ പി.കെ ശ്രീമതി. എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി.കെ ശ്രീമതി പറഞ്ഞു. രാജി വേണ്ടെന്ന് സിപിഎം തീരുമാനിച്ചിരിക്കെയാണ് മുകേഷിനെ വെട്ടിലാക്കുന്ന നിലപാടുമായി ശ്രീമതി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്ക് ഒരുമണിയോടെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ മുകേഷിനെ വിട്ടയക്കുകയായിരുന്നു. മുകേഷിന്റെ ലൈംഗിക ശേഷി ഉൾപ്പെടെ പരിശോധിച്ചിരുന്നു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയിൽ അവസരം നൽകാമെന്നും താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞ് മരടിലെ വില്ലയിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചെന്ന നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.
ലൈംഗികാരോപണം ഉയർന്നതിനാൽ മാത്രം മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ലൈംഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്വഴക്കം ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം.