കോഴിക്കോട് > നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാൻ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. വിദ്യാർഥികളുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖത്തിന് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മടി കൂടാതെ പറയാനുള്ള വേദിയാണ് മുഖാമുഖമെന്നും വിദ്യാർഥികളുടെ അഭിപ്രായങ്ങൾ ഗൗരവതരമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖം’മെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ പ്രകടമാക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഇത്തരം സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് മനസ്സില്‍ കരുതിയ ആശയങ്ങള്‍ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കുവെക്കാം. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടര്‍ച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക സർവകലാശാല, മെഡിക്കൽ കോളജ്, വെറ്ററിനറി കാർഷിക-ഫിഷറീസ് സർവകലാശാലകൾ, കേരള കലാമണ്ഡലം എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികള്‍, പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ കോളജുകളിൽനിന്നുമുള്ള വിദ്യാർഥികൾ, പാഠ്യ-പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ചവർ, വിദ്യാർഥി യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്.