തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ വികാരാധീനനായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗ വാർത്ത അടക്കാനാവാത്ത ദുഃഖമാണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. ഒരുപാട് പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടു എന്നും മുല്ലപ്പള്ളി ഓർത്തെടുത്തു. ”കഴിഞ്ഞ ഏപ്രിൽ 4 നാണ് അവസാനമായി സംസാരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. രാവിലെ മകന്‍ എന്‍റെ മൊബൈലില്‍ മാറി വിളിക്കുന്നു, അപ്പയ്ക്ക് മുല്ലപ്പള്ളിയോട് സംസാരിച്ചേ പറ്റൂ എന്നാണ് അപ്പ പറയുന്നത്. പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് കടലാസില്‍ എഴുതിക്കാണിക്കുകയാണ് ചെയ്തത്. ഞാനിന്നലെ രാത്രി ഉറങ്ങിയിട്ടില്ല, മുല്ലപ്പള്ളിയും ഞാനും സഞ്ചരിക്കുന്നത് സ്വപ്നം കാണുന്നു. ആ പഴയ ബന്ധം ഞാന്‍ ഓര്‍ത്തെടുക്കുന്നു. എനിക്കിപ്പോള്‍ സംസാരിക്കണം എന്ന് പറയുന്നു. മകന്‍ അദ്ദേഹത്തെ കണക്റ്റ് ചെയ്തു. പക്ഷേ ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. നിസ്സഹായനായി, അങ്ങത്തലക്കല്‍ അദ്ദേഹം ചിരിക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന്‍റെ ശബ്ദം ചിരിയിലാണ് അവസാനിച്ചതെന്ന് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്.” മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു. അതും സാധിച്ചില്ല. പ്രതിസന്ധി കാലത്തും അദ്ദേഹം അടുപ്പം സൂക്ഷിച്ചിരുന്നു. ജനങ്ങളുമായി ഉള്ള സമ്പർക്കം ആണ് ഉമ്മൻ ചാണ്ടിയുടെ പ്രാണവായു. ഉമ്മൻ ചാണ്ടിയുടെ പകരക്കാർ ഇനി കേരളത്തിൽ ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.