ദില്ലി: മുല്ലപ്പെരിയാറിൽ തുടർച്ചയായി എല്ലാ ദിവസവും രാത്രി കാലങ്ങളിൽ അറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നതിൽ ലോക് സഭയിൽ ഡീൻ കുര്യാക്കോസ് പ്രതിഷേധം രേഖപ്പെടുത്തി. സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് പരമാവധി ഉയർന്ന ജലനിരപ്പ്. എന്നാൽ അത് ക്രമപ്പെടുത്താൻ യാതൊരു കൂടിയാലോചനയുമില്ലാതെയാണ് തമിഴ്നാട് ഇടപെടുന്നത്. ഇത് മനുഷ്യത്യരഹിതമാണ്. തമിഴ് നാട് സർക്കാർ അവധാനതയോടെ പ്രശ്നത്തിൽ ഇടപെടണം. പുതിയ ഡാം സേഫ്റ്റി ബില്ലിനെ സുരക്ഷയുടെ കാര്യത്തിൽ ഏകകണ്ഠമായി പിന്തുണച്ചത് പ്രശ്ന പരിഹാരത്തിനായുള്ള അവസരമായി കാണണം.
പുതിയ ഡാം നിർമ്മിക്കുകയാണ് ആത്യന്തികമായ പരിഹാരം. അതിനായി തമിഴ്നാട് സർക്കാരും അവിടെ നിന്നുമുള്ള എംപിമാരും പൂർണമായും സഹകരിക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു.
അതേസമയം മുല്ലപ്പെരിയാറില്‍ നിന്നും പകൽ തുറന്ന് വിടുന്നതിനേക്കാൾ കൂടുതൽ വെള്ളം ഇപ്പോൾ രാത്രിയില്‍ തുറന്ന് വിടാത്തത് ആശ്വാസകരമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രി ഡാം തുറക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തമിഴ്‌നാടിനെ അറിയിച്ചിരുന്നു. സുപ്രീംകോടതിയേയും മേല്‍നോട്ട സമിതിയേയും ഇതേ ആശങ്കകള്‍ വീണ്ടും അറിയിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ നെടുങ്കണ്ടത്ത് പറഞ്ഞു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയുള്ളതിനാൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും നീരൊഴുക്ക് തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പരിധിയിലേക്ക് ഉയരുകയാണ്. 2400.98 അടിയാണ് ഇപ്പോൾ ജലനിരപ്പ്. 2401 അടിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്