ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും എന്നാവർത്തിച്ച് തമിഴ്നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആർ എൻ രവി സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ജലനിരപ്പ് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ആവർത്തിച്ചത്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ജലനിരപ്പ് 142 അടിയാക്കി നിർത്താൻ നിർബന്ധിതരായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ 152 അടിയാക്കി ഉയർത്തുക തന്നെ ചെയ്യും. അയൽ സംസ്ഥാനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും ഗവർണർ സഭയിൽ പറഞ്ഞു.
കാവേരി നദിക്ക് കുറുകെയുള്ള നിർദിഷ്ട മെക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കാൻ കർണാടകയെ അനുവദിക്കില്ലെന്നും ഗവർണറുടെ പ്രസംഗത്തിൽ പറയുന്നു. നേരത്തെ മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്ന് കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തിൽ കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് അധിക ജലം തമിഴ്നാട് തുറന്നുവിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്‍റെ പരാതി പരിശോധിച്ച ശേഷമായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.
വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നൽകണമെന്നും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് തീരുമാനിക്കാൻ ഒരു സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ നടപടിയെടുക്കേണ്ട മേൽനോട്ട ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും കേരളം ഉയര്‍ത്തി.
എന്നാൽ കേരളത്തിന്‍റെ പരാതിയിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേരളത്തിന്‍റെ പരാതി ശരിയായിരിക്കാം, പക്ഷേ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച കാര്യങ്ങൾ മേൽനോട്ട സമിതിയാണ് തീരുമാനിക്കേണ്ടത്. അതിനാൽ മേൽനോട്ട സമിതിക്ക് മുമ്പിൽ പരാതി ഉന്നയിച്ച് പരിഹാരം കാണണമെന്ന് ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തോട് നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തിൽ കേരളത്തിനും തമിഴ്നാടിനും രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടാകാമെന്ന വിമര്‍ശനവും കോടതി ഉയര്‍ത്തി.
അത്തരം രാഷ്ട്രീയ താത്പര്യങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുത്. ഈ കേസിൽ പുതിയ പുതിയ അപേക്ഷകൾ വരുന്നത് കോടതിക്ക് അധികഭാരമാണ്. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ഇരു സംസ്ഥാനങ്ങളും അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ഉപദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷാഭീഷണി സംബന്ധിച്ച കേസിൽ ജനുവരി 11ന് വാദം കോടതി വാദം കേൾക്കുന്നുണ്ട്. ഇതിനിടെ നീറ്റിനെതിരായ ബില്ലിൽ ഒപ്പുവെയ്ക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെയും വിസികെയും പ്രസംഗം ബഹിഷ്കരിച്ച് സഭയിൽ നിന്ന് ഇറങ്ങി പോയി.