ന്യൂഡൽഹി: ജീർണിച്ച മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ, പുതിയ ഡാം നിർമാണം എന്നിവ പഠിക്കാൻ അടിയന്തരമായി നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിലേക്ക്. തമിഴ്നാടിന് ജലലഭ്യത ഉറപ്പാക്കുകയും കേരളത്തിന്‍റെ സുരക്ഷാ ആശങ്ക പരിഹരിക്കുകയും ചെയ്യുന്നതിന് പുതിയ ഡാം മാത്രമാണ് പരിഹാരമെന്ന വാദം കോടതിയിൽ ആവർത്തിക്കും. പുതിയ ഡാമിന്‍റെ ചെലവു വഹിക്കാനും പഠന സമിതി നിർദേശിച്ചാൽ താൽക്കാലികമായി പഴയ ഡാം ബലപ്പെടുത്താനും കേരളം തയാർ.
ഡൽഹിയിലെത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ വാദം സുപ്രീംകോടതി മുമ്പാകെ വെക്കുന്നതിന് നിയമവിദഗ്ധരെ ചുമതലപ്പെടുത്തി. ഡാമിന്‍റെ സുരക്ഷ, പുതിയ ഡാം എന്നിവയെക്കുറിച്ച് പഠനം നടത്താൻ മേൽനോട്ട സമിതിയെ നേരത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും മുന്നോട്ടു നീങ്ങിയിട്ടില്ലെന്നും നിഷ്പക്ഷ സമിതിയുടെ പഠനം ഇനിയും വൈകരുതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് സമഗ്ര പഠനത്തിനുള്ള പരിഗണന വിഷയങ്ങൾ തയാറാക്കാൻ കേന്ദ്ര ജല കമീഷൻ കഴിഞ്ഞ മാസം തമിഴ്നാട് സർക്കാറിനോട് നിർദേശിച്ച പശ്ചാത്തലത്തിൽ കൂടിയാണ് കേരളത്തിന്‍റെ വാദമുഖം സുപ്രീംകോടതിയെ അറിയിക്കുന്നത്.
ലിബിയയിൽ ഡാം തകർന്നതിനെ തുടർന്ന് അപകടാവസ്ഥയിലുള്ള ഡാമുകളെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിൽ മുല്ലപ്പെരിയാറിനെയും ഉൾപ്പെടുത്തിയത് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടും. കേരള, തമിഴ്നാട് സർക്കാറുകൾ കോടതിക്കു പുറത്ത് പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയെന്ന നിർദേശവും കേരളത്തിന് സ്വീകാര്യമാണെന്നും മന്ത്രി ആവർത്തിച്ചു.