ദില്ലി : മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത് സംബന്ധിചുള്ള ശുപാർശകള്‍ കേരളവും , തമിഴ്നാടും ഇന്ന് സമർപ്പിക്കും. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ എന്നിവയിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകണം
എന്നതാണ് കേരളത്തിന്റെ ആവശ്യം. 29ന് കേസ് പരിഗണിച്ചപ്പോൾ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റേയും തമിഴ്നാടിന്റേയും ആവശ്യം അംഗീകരിച്ചാണ് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. വിഷയത്തിലെ സങ്കീർണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേല്‍നോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു.
എന്നാല്‍ മേല്‍നോട്ട സമിതിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. അണക്കെട്ടിന്‍റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്നാണ് തമിഴ്നാടിന്‍റെ നിലപാട്. എന്നാല്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നിവയുള്‍പ്പടെ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതിന് കേരളം അനുകൂലമാണ്.