തൃശ്ശൂർ: മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചതായി റവന്യൂ മന്ത്രി കെ.രാജൻ. നിലവിൽ 137.15 അടിയാണ് ജലനിരപ്പ്. 9,116 ക്യുസെക്സ് വെള്ളമാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. 2,166 ക്യസെക്സ് വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. റൂൾ കർവ് അനുസരിച്ച്137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടി എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കിൽ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് വാഹനങ്ങൾ ഉപയോഗിച്ച് അനൗൺസ്മെന്റ് നടത്തുന്നതായും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഇന്നലെ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയയച്ചിരുന്നു. ഇടുക്കിയിൽ ക്യാമ്പ് ചെയ്തിട്ടുള്ള ദുരന്ത നിവാരണ സേനയുടെ (NDRF) ഒരു ടീമിനെ മുല്ലപ്പെരിയാറിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ ആവശ്യമായി വന്നാൽ എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.