മുംബൈ: ഔദ്യോഗിക ഓഹരി വിപണിക്ക് പുറത്ത് ഇടപാടു നടത്തുന്ന നിയമവിരുദ്ധ രീതിയായ ഡബ്ബാ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് ദല്ലാൾ അറസ്റ്റിൽ. മൂന്നു മാസംകൊണ്ട് 4,672 കോടി രൂപയുടെ ഇടപാട് നടത്തിയ ഓഹരി ദല്ലാൾ ജതിൻ സുരേഷ് മേത്തയെയാണ് (45) വ്യാഴാഴ്ച പൊലീസ് പിടികൂടിയത്. പ്രധാനമായും നികുതി വെട്ടിപ്പ് നടത്താനാണ് ഡബ്ബാ ട്രേഡിങ് എന്നറിയപ്പെടുന്ന ഈ രീതി ഉപയോഗിക്കുന്നത്. 4,672 കോടി രൂപയുടെ ഇടപാടിലൂടെ മേത്ത വിവിധ നികുതി ഇനത്തിൽ 1.95 കോടി രൂപ വെട്ടിച്ചതായി പൊലീസ് പറഞ്ഞു.
ഓഹരി വിപണിക്ക് പുറത്ത് ഓഹരികൾ വാങ്ങാനും വിൽക്കാനും നിക്ഷേപകരെ അനുവദിക്കുന്ന സമാന്തര സംവിധാനമായ ഡബ്ബാ ട്രേഡിങ്, ബോക്സ് ട്രേഡിങ്, ബക്കറ്റ് ട്രേഡിങ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരുതരം വാതുവെപ്പുകൂടിയാണിത്. ഓഹരി വാങ്ങുന്നവർ ഒരു വിലയിൽ പന്തയം വെക്കുന്നു.വില ഉയരുകയാണെങ്കിൽ രണ്ടു വിലയും തമ്മിലുള്ള വ്യത്യാസം വാങ്ങുന്നയാൾക്ക് ലഭിക്കും. വില കുറയുമ്പോൾ തുക വ്യത്യാസം ദല്ലാളിന് ലഭിക്കും. ഡബ്ബാ വ്യാപാരത്തിൽ ഇടപാട് നടത്താൻ പണം ആവശ്യമില്ല. ഇതിനായി പ്രത്യേക സോഫ്റ്റ്വെയറുകളും ആപ്പുകളും വരെ ഉപയോഗിക്കുന്നുണ്ട്.മേത്തയുടെ ഓഫിസിൽനിന്ന് അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ടാബ്ലറ്റ്, പെൻഡ്രൈവ്, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.