മുംബൈ: മുംബൈയിൽ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ഇവർ പെട്ടന്ന് പണം ഉണ്ടാക്കാൻ വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു
വിമാനത്താവളത്തിനടുത്തുള്ള ലളിത് ഹോട്ടലിലേക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ എത്തിയത്. ഹോട്ടലിലെ അഞ്ചിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 5 കോടി രൂപ തന്നില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നുമായിരുന്നു അജ്ഞാതന്‍റെ ഭീഷണി. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് മറ്റൊരു ഭീഷണി സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. മുംബൈ പൊലീസിന്‍റെ ട്രാഫിക് ഹെൽപ് ലൈൻ നമ്പറിലേക്കാണ് ഈ സന്ദേശമെത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമാവും ആക്രമണമെന്നും ഇന്ത്യയിൽ 6 പേരെ കൊല്ലാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ആയിരുന്നു സന്ദേശം. മഹാരാഷ്ട്രാ തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയ സാഹചര്യത്തിൽ അതിജാഗ്രതയിൽ തുടരുന്നതിനിടെയാണ് ഈ വാട്സ് ആപ്പ് സന്ദേശമെത്തിയത്.