മുംബൈ: നൂഡിൽസ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തിൽ മുറിച്ചിട്ട് കഴിച്ച യുവതിക്കു ദാരുണാന്ത്യം. മുംബൈ മലാഡിലെ പാസ്കൽ വാഡിയിൽ രേഖ നിഷാദ്(35) ആണ് മരിച്ചത്. ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം. എലികളെ കൊല്ലാൻ വിഷം കലർത്തിയ തക്കാളി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ഇടുകയായിരുന്നുവെന്നും യുവതി ആശുപത്രിയിൽ വച്ച് പൊലീസിന് മൊഴി നൽകി.
ജൂലൈ 21 ന് യുവതി എലികളെ കൊല്ലാൻ തക്കാളിയിൽ വിഷം കലർത്തിയിരുന്നു. പിറ്റേദിവസം ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ചേർക്കുകയായിരുന്നുവെന്നു മൽവാനി സബ് ഇൻസ്പെക്ടർ മൂസ ദേവർഷി മാധ്യമങ്ങളോട് പറഞ്ഞു. നൂഡിൽസ് കഴിച്ചതോടെ യുവതി ഛർദ്ദിക്കാൻ ആരംഭിച്ചുവെന്നും അവശനിലയിൽ ആയതോടെ ഭർത്താവും ഭർതൃസഹോദരനും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സംഭവത്തിൽ ദുരൂഹത ഇല്ലെന്നും മൂസ ദേവർഷി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അപകട മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.