കോഴിക്കോട്: സമസ്തയുടെ വികാരം നിയമസഭയിൽ അവതരിപ്പിക്കാനുള്ള പാർട്ടി ലീഗാണെന്ന് ഓർമ്മിപ്പിച്ച് എം കെ മുനീർ. അതിനാല്‍ പരസ്‍പര സഹകരണം ആവശ്യമാണ്. സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും മുനീര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി ഇകെ സുന്നി നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂർ രംഗത്തെത്തിയതിന് പിന്നാലെയാണ് മുനീറിന്‍റെ പ്രതികരണം. കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പ്രചാരണം ശക്തിപ്പെടുത്താൻ ലീഗ് ശ്രമിക്കുന്നതിനിടെയിലാണ് ഇകെ സുന്നി വിഭാഗത്തിലെ പ്രമുഖ നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ലീഗിനെ വെട്ടിലാക്കുന്ന പ്രസ്തവാനയുമായി രംഗത്ത് വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് അബ്ദുസമ്മദ് പൂക്കോട്ടൂർ പറഞ്ഞത്.
ലീഗിനോട് ചേർന്ന് നിൽക്കുന്ന സമസ്ത അനുയായികൾക്ക് സിപിഎമ്മിലും പ്രവർത്തിക്കാം എന്നാണ് സമദ് പൂക്കോട്ടൂർ നൽകുന്ന സൂചന. ഇകെ സുന്നിവിഭാഗത്തിലെ ലീഗ് അനുകൂലിയായി അറിയപ്പെടുന്ന സമദ് പൂക്കോട്ടൂരിന്‍റെ ചൂവട് മാറ്റം ലീഗ് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. കരുതലോടെയാണ് ഇ ടി മുഹമ്മദ്ബഷീർ പ്രതികരിച്ചതെങ്കിലും സമസ്തയെ ലീഗാണ് സഹായിക്കാറുള്ളതെന്നായിരുന്നു എം കെ മുനിർ ഓര്‍മ്മിപ്പിച്ചത്. അതേസമയം ഇകെ സുന്നിവിഭാഗത്തിലും പ്രശ്നത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതായി സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.