മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കടക്കം അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് മൂന്നാര്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ആംബുലന്‍സിന്റെ സേവനം ഏര്‍പ്പെടുത്തിയത്. എന്നാൽ ഈ ആംബുലൻസ് സേവനം ഇപ്പോൾ ലഭ്യമാകാത്ത അവസ്ഥയിലാണ്. ആംബുലന്‍സിനുള്ള നികുതിപ്പണം സമയത്ത് അടയ്ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിയായത്. യു ഡി എഫ് ഭരണകാലത്ത് ക്യത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി തൊഴിലാളികള്‍ക്ക് ഗുണമായി മാറിയിരുന്ന വാഹനം ഇടതുമുന്നണി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കട്ടപ്പുറത്തായെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.
സംഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ വിശദീകരണവുമായി രംഗത്തെത്തി. വാഹനത്തിന്‍റെ നികുതി നല്‍കുന്നതില്‍ പിഴവ് സംഭവിച്ചെന്നും അവസാന സമയത്ത് പണം അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സമരം മൂലം കഴിഞ്ഞില്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞത്. തിങ്കളാഴ്ച പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മൂന്നാറിന്‍റെ സമഗ്രവികസം ലക്ഷ്യമെന്ന മുദ്രാവാക്യവുമായി ഭരണം ഏറ്റെടുത്ത ഇടതു മുന്നണിക്ക് നിലവില്‍ യാതൊരുവിധ വികസനവും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.