കോഴിക്കോട്: കെ–റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിലെ പൊലീസ് നടപടി അപമാനകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചങ്ങനാശേരിയിൽ നടന്നത് കാടത്തരമാണ്. സ്ത്രീ സമത്വം പറയുന്നവരുടെ ഭരണത്തിലാണ് ഇത്തരം നടപടി. സ്ത്രീകൾക്കെതിരായ അതിക്രമം നടത്തിയ പൊലിസുകാർക്കെതിരെ എന്ത് നടപടി എടുത്തു?, ജനങ്ങൾക്ക് വേണ്ടിയാണെന്നാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറയുന്നു, ആരാണ് ജനം?, കിടപ്പാടം മാത്രമുള്ള പാവപ്പെട്ട ജനങ്ങളെ മുഖ്യമന്ത്രി ജനങ്ങളായി കാണുന്നില്ലേ?,പിണറായി വിജയൻ ഏകാധിപതിയാണ്. കേരളത്തിന് ലജ്ജാകരമാണ് ഈ നടപടികളെന്നും മുരളീധരൻ പറഞ്ഞു.
കെ–റെയിൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. അടിയന്തര പ്രമേയം മാത്രമായാണോ യുഡിഎഫ് ഈ വിഷയം കാണുന്നത്. ക്രിയാത്മക പ്രതിപക്ഷം എന്ന മേൽവിലാസം നെറ്റിയിലൊട്ടിച്ച് പ്രതിപക്ഷം മൗനം തുടരാനാണോ ലക്ഷ്യമിടുന്നതെന്ന് മുരളീധരൻ ചോദിച്ചു. ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. ഏകാധിപതികളെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ ചരിത്രം ഉണ്ട്. ഏകാധിപത്യവുമായി വരരുതെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ റയിൽവേ അനുവാദം നൽകിയിട്ടില്ല. ആകെ നൽകിയത് ഡിപിആർ തയാറാക്കാൻ മാത്രമുള്ള അനുമതിയാണ്. മുഖ്യമന്ത്രി ജനത്തിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. അപ്പർ ക്ലാസ് ജനങ്ങളുമായി മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഭാവിയിലും ഈ പദ്ധതിയ്ക്ക് സാധ്യതയില്ല. മുഖ്യമന്ത്രി ചർച്ച ചെയ്യുന്നതു പോലെയുള്ള പദ്ധതിയ്ക്ക് സാധ്യതയില്ല. തൂണുകളിൽ ഓടുന്ന പദ്ധതിയാണോ എങ്കിൽ അപ്പോൾ പരിശോധിക്കാം. ലോകത്ത് എവിടെയും ഹൈസ്പീഡ് പദ്ധതി ഭൂനിരപ്പിലൂടെ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.