തിരുവനന്തപുരം : രാജ്യസഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് കെ മുരളീധരൻ എം പി. സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി കെ മുരളീധരൻ ഹൈക്കമാൻഡിന് കത്ത് നൽകി. ശ്രീനിവാസൻ കൃഷ്ണന് പരോക്ഷ പിന്തുണ നൽകുന്ന കത്താണ് കെ മുരളീധരൻ ഹൈക്കമാൻഡിന് അയച്ചത്. തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി തോൽക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഭാഷാ നൈപുണ്യമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞടുപ്പിൽ തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.
രാജ്യസഭ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡിന്റെ പേരിൽ കെട്ടിയിറക്കാനുള്ള നീക്കത്തോട് സംസ്ഥാന കോൺഗ്രസിൽ അതൃപ്തി.സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതനല്ലാത്ത നേതാക്കളുടെ പേരുകൾ ചർച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എം.ലിജുവിന്റെ പേര് സജീവ പരിഗണനയിലാണെന്ന് കെ.സുധാകരൻ പരസ്യമാക്കിയത് കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ തടയാനാണെന്നും സൂചനയുണ്ട്.