കോഴിക്കോട്: നേമത്തെ കണക്ക് വടകരയിൽ തീർക്കുമെന്നുളള ബി.ജെ.പിയുടേയും, ആർ.എസ്.എസ്സിെൻറയും വെല്ലുവിളി വടകരയിലെ മതേതരമനസ്സ് ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം-ബി.ജെ.പി അന്തർധാര വടകരയിൽ വളരെ കൂടുതലാണ്, കേരളത്തിൽ മുഴുവനായിട്ടുളള സി.പി.എം-ബി.ജെ.പി അന്തർധാരയുടെ ഫലമായിട്ടാണ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ഓഫീസുകളിൽ ഇ.ഡി കയറിയിറങ്ങുമ്പോൾ കയറാൻ പലവിധ കാരണങ്ങൾ ഉണ്ടായിട്ടും കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇ.ഡി കയറാത്തത്.
പലയിടത്തും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ഓഫീസിൽ ഇ.ഡി കയറി നിറങ്ങുകയാണ്. എന്നാൽ, കേരളത്തിൽ ഒരു കാൽ അകത്തേക്ക് നീട്ടി പിടിച്ചിരിക്കുകയാണ്. കയറാൻ അവസരം ഉണ്ടായിട്ടും ഈ അവസ്ഥ തുടരുന്നത് അന്തർധാരയുടെ തെളിവാണ്. കേരളത്തിലാകെ ഈ അന്തർധാരയുണ്ട്. ജീവിച്ചിരുന്ന ടി.പി. ചന്ദ്രശേഖരനെക്കാൾ ശക്തനാണ് കൊല്ലപ്പെട്ട ചന്ദ്രശേഖരനെന്ന് ഇത്തവണയും സി.പി.എമ്മിന് ബോധ്യപ്പെടും. വികസനത്തിനൊപ്പം കൊലപാതക രാഷ്ട്രീയവും ഇവിടെ ചർച്ചയാകും.
കരുത്തരായ സ്ഥാനാർഥികളെയാണ് എന്നും നേരിട്ടിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പ് മുതലുളള അനുഭവമാണിത്. യു.ഡി.എഫ് നയം പറഞ്ഞ് ഇത്തവണയും വോട്ട് തേടും. കിണറ്റിലെ തവണ ലോകം മുഴുവൻ നിയന്ത്രിക്കുമെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ കക്ഷി ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമാണ് കഴിയുക. 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ച് വിജയിച്ചു. ഇപ്പോഴത് രാഹുൽ ഗാന്ധിയുടെ സിറ്റിംങ് സീറ്റാണെന്നും മുരളീധരൻ പറഞ്ഞു.