തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി അനുമതി സംബന്ധിച്ച് പ്രധാനമന്ത്രിയിൽനിന്ന് ഉറപ്പു ലഭിച്ചുവെന്നത് മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണമാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. സർവെ നടത്തുന്ന ഏജൻസികൾ പിൻമാറാതിരിക്കാനും ജനങ്ങൾക്ക് എതിരെയുള്ള അതിക്രമം തുടരാനുമുള്ള പ്രസ്താവന മാത്രമാണു മുഖ്യമന്ത്രിയുടേത്.
അനുമതി ലഭിച്ചൂവെന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു മുഖ്യമന്ത്രിയെന്നും വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കരിക്കകത്ത് സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ജനങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു ശേഷം പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ചു കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
പദ്ധതിക്കെതിരെ ജനരോഷം ഉണ്ടെന്നും, ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടിയെങ്കിലും ചെലവു വരുമെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ച ശേഷവും ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടു പോകുന്നത് ആപൽക്കരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ കരിക്കകം- കരിമണൽ- കഴക്കൂട്ടം മേഖലകളിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ യാത്ര നടന്നു. വീട്ടമ്മമാരടക്കം നൂറു കണക്കിനു പേർ വീടും സ്ഥലവും നഷ്ടപ്പെടുന്നമെന്ന ആശങ്ക മന്ത്രിയുമായി പങ്കുവച്ചു. പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടില്ലെന്നും ആരെയും കുടിയിറക്കി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പു നൽകി. പദ്ധതിക്കെതിരായ ജനവികാരം കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു.