തിരുവനന്തപുരം: ലോകകേരള സഭയിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയെങ്കിലും ഗുരുതരമായ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയരായവർക്കൊപ്പം വേദി പങ്കിടുന്നത് ശരിയല്ലാത്തതിനാൽ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി വന്നുകൊണ്ടിരിക്കുകയാണ്. ആ മൊഴിയിൽനിന്ന് മനസിലാക്കുന്നത് ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം ആയിരുന്നു എന്നാണ്. ഗുരുതരമായ മൊഴിയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആരോപണവിധേയനെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും അക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ പിണറായി വിജയന് ഉത്തരവാദിത്തമുണ്ട്.
വിദേശ കോൺസുലേറ്റുകൾ പല സ്ഥലത്തും പ്രവർത്തിക്കുന്നുണ്ട്. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുന്നതായി വാർത്തകൾ വന്നിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ കേരള സർക്കാർ ഡിപ്ലോമാറ്റിക് ഐഡി കൊടുത്തു. കോൺസുലേറ്റിലെ അക്കൗണ്ടന്റിനും ഡിപ്ലോമാറ്റിക് ഐഡി ലഭിച്ചു. ഖുറാൻ ഇവിടെ കിട്ടാത്തതുകൊണ്ടാണോ ജലീൽ കോൺസുലേറ്റിൽ പോയതെന്നു വി.മുരളീധരൻ ചോദിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കു നേരെ ഉയരുന്നത്. അക്കാര്യം വിശദീകരിക്കാതെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ആട്ടിയോടിക്കുകയാണ്. പ്രതിപക്ഷ നേതാവിനു മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ സ്ഥാനം വേണം. കാരണം അദ്ദേഹവുമായി ബന്ധപ്പെട്ട പുനർജനി പദ്ധതിയുടെ വിജിലൻസ് അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചാൽ അന്വേഷണം ഉണ്ടാകുമെന്ന് ചിന്തയുണ്ടാകാം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ വിദേശ പൗരനെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതി വിദേശകാര്യവകുപ്പ് കൊടുത്തിട്ടുണ്ട്. മറ്റു കേസുകളെ സംബന്ധിച്ചുള്ള കാര്യങ്ങൾ നീക്കുന്നു. ആവശ്യമായ സമയത്ത് കാര്യങ്ങൾ ചെയ്യുമെന്നും വി.മുരളീധരൻ പറഞ്ഞു.