ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം നേതൃത്വത്തിൽ ഈ മാസം 15ന് നടത്താനിരുന്ന സെമിനാർ ചീറ്റിപ്പോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പൊട്ടാത്ത വാണത്തെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നാണ് മുരളീധരന്റെ ചോദ്യം. സി.പി.ഐക്കാർക്ക് പോലും വേണ്ടാത്ത സെമിനാറായി അത് മാറി. ലീഗിനെ ക്ഷണിച്ച് യു.ഡി.എഫിന് പണി തരാനാണ് നോക്കിയത്. അതിപ്പോൾ തിരിഞ്ഞു കുത്തിയിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിലെല്ലാം മഴ പെയ്യിക്കാൻ വേണ്ടി കൃത്രിമ കാർമേഘങ്ങൾ ഉണ്ടാക്കും. കഴിഞ്ഞ തവണ ദുബൈയിൽ കൃത്രിമ മേഘം ഉണ്ടാക്കിയപ്പോൾ ഒമാനിൽ പെയ്തു. അതുപോലെയാണ് ഇവിടെ നടക്കുന്നത്. യു.ഡി.എഫിനു നേരെ തൊടുത്ത് വിട്ടത് തിരിഞ്ഞു എൽ.ഡി.എഫിലെത്തി. ഫാദർ യുജിൻ പെരേരക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. കടലോരവാസികളുടെ അമർഷം സ്വഭാവികമാണ്.
ഇത്തരം പ്രതിഷേധങ്ങൾ ഞങ്ങളും നേരിട്ടിട്ടുണ്ട്. ഫാദറിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ വൻ പ്രതിഷേധം ഉയർത്തും. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം ഞെട്ടിച്ചു. എന്നാൽ, വി. ശിവൻ കുട്ടിക്ക് ചില ഇളവുകൾ നാം നൽകിയിട്ടുണ്ടല്ലോയെന്നും മുരളീധരൻ പറഞ്ഞു.