ചെന്നൈ: ദിവസവും ആയിരക്കണക്കിനു വിനോദ സഞ്ചാരികളെത്തുന്ന ചെന്നൈ മറീന ബീച്ചിൽ ഫൊട്ടോഗ്രഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം. ഞായറാഴ്ച രാവിലെ കുടുംബവുമൊത്തു ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന യുവാവിനെ വടിവാളും കത്തികളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മൂന്നു കുട്ടികളടക്കം നാലു പേരെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭാത സവാരിക്കാർ നോക്കിനിൽക്കെ വടിവാളുമായി ഫൊട്ടോഗ്രഫറെ ഓടിച്ചിട്ടു വെട്ടാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
മറീന ബീച്ചിലെ നമ്മ ചെന്നൈ സെൽഫി പോയിന്റിനു സമീപം ഇളമാരൻ എന്ന ഫൊട്ടോഗ്രഫർ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളെടുക്കുകയായിരുന്നു. ആ സമയം ഇവർക്കിടയിലേക്കു കയറിവന്ന സംഘം ഇളമാരന്റെ വിലകൂടിയ ഫോൺ ആവശ്യപ്പെട്ടു. നൽകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കത്തിയെടുത്തു കുത്താൻ ശ്രമിച്ചതോടെ ഇളമാരന്റെ സംഘത്തിലെ മറ്റുള്ളവരും ഇടപെട്ടു. ഇതോടെ സമീപത്തുണ്ടായിരുന്ന അക്രമിസംഘത്തിലെ ബാക്കിയുള്ളവരും വടിവാളുമായി ഓടിയടുത്തു. ഇതോടെ ഇളമാരൻ സർവീസ്‍ റോഡിലൂടെ ഓടി.
ഇടപെടാൻ ശ്രമിച്ചവരെ ആയുധം കാട്ടി സംഘം ഭീഷണിപ്പെടുത്തി. ബീച്ചിലുണ്ടായിരുന്നവരിൽ ചിലർ എടുത്ത ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. ബീച്ചിനു സമീപത്തു നിന്നു മൂന്നു കുട്ടികളടക്കം 4 പേരെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അതേ സമയം പരുക്കേറ്റ ഇളമാരനെ ഓമന്തുരാർ സൂപ്പർ സൂപ്പർ സ്പെഷ്യല്‍റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കു ഗുരുതരമായതിനെ തുടർന്നു രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്കു മാറ്റി. മറീന ബീച്ചിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നുവെന്ന പരാതി നേരത്തേയും ഉയർന്നിരുന്നു.