കൊച്ചി : വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഇതിനിടെ കേസിലെ ആറാം പ്രതിയായ ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശരത്തിനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
കേസിലെ മറ്റ് പ്രതികളായ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.