നൂൽപ്പുഴ: വയനാട് നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകം. എഴുപതുകാരിയായ ചിക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു. സംഭവത്തിൽ ചിക്കിയുടെ ഭർത്താവ് ഗോപിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസം മുൻപാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി മരിക്കുന്നത്. ഗോത്രാചാരങ്ങൾ ഒന്നുമില്ലാതെ മൃതദേഹം സംസ്ക്കരിച്ചു. പിന്നീട് സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കേസെടുത്ത ബത്തേരി പോലീസ് കൊലപാതകമാണന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തി. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്ന് മൃതദേഹം പുറത്തെടുത്തു.
ഫോറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. ചിക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ഗോപിയെ ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചിക്കിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് അടിയ്ക്കാൻ ഉപയോഗിച്ച ആയുധം ഇനി കണ്ടെത്തണം. ഇതിനായി പ്രതിയെ നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.












