തിരുവനന്തപുരം: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് മറ്റ് കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നു. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും.
എഫ്.ഐ.ആറിൽ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരുത്തുമെന്നാണ് വിവരം. അതേസമയം, കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് രാവിലെ പത്തിന് നടക്കും. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.